Saturday, July 24, 2010

ഇപ്പോഴും തിളങ്ങുന്ന കണ്ണുകള്‍

പണ്ടു പണ്ടു,വളരെ പണ്ടു ,എന്നുവെച്ചാല് ഇന്നത്തെ
ജീന്സ് -കുര്ത്ത -അലുക്ക് കമ്മല് പത്രാസുകാരി
സുന്ദരി (ഉം ..........ഉം ...),കുഞ്ഞിപട്ടുപാവാടയും
ജിമിക്കിയും ഇട്ടു ഉണ്ടക്കണ്ണില് കൌതുകവും
തത്തച്ചുണ്ടില് വായാടിത്തവുമായി കിലുകിലുങ്ങനെ
കൊഞ്ചി നടന്ന കാലത്ത് ..........................................

തുമ്പിയെക്കൊണ്ട് കല്ലെടുപ്പിച്ചും , എന്റെ കണ്ണിന്റെ
നേരെ നേരെ കളിച്ചും , നടുമുറ്റത്ത് വെള്ളത്തില്
കടലാസ് വഞ്ചിയിട്ടും ,സ്വന്തം നിഴലിന്റെ നീളം
അളന്നും 'പ്രാന്തിക്കുട്ടി ' ആയി നടക്കുന്ന കാലത്ത് .......

തോളില് മുട്ടുന്ന കാതുകളും വെഞ്ചാമരം പോലത്തെ
മുടിയും ഉള്ള അമ്മമ്മയായിരുന്നു അവള്ക്കു കൂട്ട് .
അമ്മമ്മയെ കണ്ടാല് ആരുമൊന്നു നോക്കും !
അത്രക്ക്തേജസ് ആണ് മുഖത്ത് !
'ക്ഷീരബല 'നൂറ്റൊന്നാവര്ത്തിച്ചത് തേച്ചു മിനുക്കിയിരുന്ന
അവരുടെ മേനിത്തിളക്കം മരണം വരെയും അവര്
കാത്തുസൂക്ഷിച്ചിരുന്നു .

കാലത്തന്നെ ഒരു കാലം പാല് തിളപ്പിച്ച് അങ്ങോട്ട്
നടക്കുമ്പോഴും ഇങ്ങോട്ട് നടക്കുമ്പോഴും 'പാലുംവെള്ളം '
(അന്ന് പിന്നെ cholesterol ഒന്നും കണ്ടുപിടിച്ചിട്ടില്ലല്ലോ)
കുടിച്ചും വീട്ടിനകത്തും പുറത്തും ഉള്ള പണിക്കാരെ
ശാസിച്ചും അവരങ്ങനെ ഒരു സാമ്രാജ്യം ഭരിച്ചു
നടന്നിരുന്നു .

എന്നാല് ഭൂസ്വത്തിനെക്കാളും അവര് ഏറ്റവും
ഗരവിഷ്ടയായിരുന്നത് അവരുടെ പുത്രസമ്പത്തിലായിരുന്നു .
പത്ത് ആണ്മക്കളെ പ്രസവിക്കുക എന്നു വെച്ചാല് ചില്ലറ
കാര്യം വല്ലതും ആണോ ?അതും മുട്ടും കാലുമുറച്ച
അതികായന്മാരെ .നാട് വിറപ്പിച്ചു നടന്നിരുന്ന അല്ല
മേഞ്ഞിരുന്ന മല്ലന്മാരെല്ലാം അമ്മമ്മയുടെ മുന്പില്
പഞ്ചപാവങ്ങള്.

എന്നാല് അമ്മമ്മയുടെ മനസ്സ് വെണ്ണ പോലെ അലിഞ്ഞിരുന്നത്
തത്തമ്മക്കുട്ടിയുടെ അടുത്തെത്തുമ്പോള് ആണ് .രാത്രികാലങ്ങളില്
അവര് തന്റെ കഥാഭാണ്ഡം കേട്ടഴിക്കുന്നതും കാത്തിരിക്കും
കുട്ടി,അമ്മമ്മയുടെ വയറില് കാലുവെച്ചു നെഞ്ചത്ത്
മുഖമമര്ത്തി കിടക്കാന് ......
കുട്ടിക്ക് അമ്മയുടെ അടുത്ത് അങ്ങനെ കിടക്കാന് പറ്റില്ലാലോ
അമ്മയുടെ അടുത്ത് കുഞ്ഞുവാവയല്ലേ എപ്പോഴും.

അമ്മമ്മക്ക്കൈതോലയുടെ മണമാണ്. മുണ്ടുപെട്ടിയില്
തുണികളുടെ ഇടയില് സൂക്ഷിച്ചിരുന്ന മഞ്ഞ കൈതോലകള് !
കുട്ടി ആരും കാണാതെ മോഷ്ടിച്ച് അലമാരയില് ഉടുപ്പിനടിയില്
കൊണ്ടുവെക്കാറുണ്ട്.അമ്മമ്മയുടെ മണമുണ്ടാവാന് .

അമ്മമ്മയുടെ രൂപത്തില് കുട്ടിക്ക് ഏറ്റവും ഇഷ്ടം
അമ്മമ്മയുടെ കണ്ണുകള് ആണ് .അതങ്ങനെ നിറഞ്ഞ
പീലികളുമായ് വിടര്ന്നു നില്ക്കും.സദാ ഗൌരവത്തില്
ഒറ്റ നോട്ടത്തില് ആളുകളെ വരച്ച വരയില് നിര്ത്തിക്കൊണ്ട് .
തത്തമ്മക്കുട്ടിക്ക് കഥ പറഞ്ഞുതരുമ്പോഴും ചോറൂട്ടുമ്പോഴും
മാത്രം വാത്സല്യത്താല് മാന്തളിര് പോലെ മൃദുവാകും
നോട്ടങ്ങള് .....

അമ്മാമ്മക്ക് എത്ര തരം നോട്ടങ്ങള് ആണെന്ന് കുട്ടി
അത്ഭുതപ്പെടാറുണ്ട് .പണിക്കാരോട് ശാസനാനോട്ടം ,
മരുമക്കളോട് ആഞ്ഞ്ജാനോട്ടം , അച്ച്ചനോടുള്ള
കണ്ണിന്റെ വാലറ്റത്തോടെയുള്ള കള്ളനോട്ടം ...
(അമ്മമ്മ ഏറ്റവും സുന്ദരിയാവുന്നത്
അപ്പോഴാണെന്ന് കുട്ടിക്ക് തോന്നാറുണ്ട് )
കുട്ടിയുടെ കൂടെ കല്ല് കളിക്കുമ്പോള് കുസൃതിനോട്ടം
അങ്ങനെയങ്ങനെ .....................

'അമ്മമ്മ മരിക്കുമ്പോ കണ്ണുകള് എനിക്ക് തരണംട്ടോ ...
പറഞ്ഞുവെച്ചു കുട്ടി .
'മരിച്ച കണ്ണുകള് നിനക്കെന്തിനാണു കുട്ട്യേ ?
അതെനിക്ക് ഒപെരഷന് ചെയ്തു ......പിടിപ്പിക്കാനാ ....
നെനക്കത്രക്കിഷ്ടാനെങ്കില് നീയങ്ങട് എടുത്തോ ........'

രാവിലെ പതിവുപോലെ അമ്മമ്മക്ക് ഉമ്മ കൊടുത്ത്
സ്കൂളില് പോയതാണ്. വന്നപ്പോ അമ്മമ്മ നിലത്ത്
വിരിച്ച പായയില് ശാന്തയായി കണ്ണടച്ച് ഉറങ്ങുന്നുണ്ട്.
തലക്കല് നിലവിളക്ക്,ചുറ്റിലും ആളുകള് ...................
കുട്ടിക്ക് ആരോ ചായ കൊടുത്ത് മുകളില് കൊണ്ടുപോയിരുത്തി .
താഴെ അമ്മയും എല്ലാവരും വലിയ കരച്ചില് ആണ് .
കുട്ടിക്ക് ഒന്നും അറിയില്ലല്ലോ ,അതുകൊണ്ട് സങ്കടം
ഇല്ലെന്നാണ് എല്ലാവരുടെയും വിചാരം .............

മുകളിലെ ജനാലയിലൂടെ നോക്കിയ കുട്ടി അപ്പോഴാണ്
അത് കണ്ടത്,അമ്മമ്മയെ അച്ഛനും വലിയച്ചന്മാരും
ചേര്ന്ന് താങ്ങിപ്പിടിച്ചു കൊണ്ടുപോവുന്നു .അമ്മമ്മയെ
കത്തിക്കാന് കൊണ്ട് പോവുന്നുവെന്ന് ഏട്ടന് പറഞ്ഞതും
കുട്ടി ഇറങ്ങിയോടി ................

'അമ്മാമ്മേടെ കണ്ണുകള് എനിക്ക് താ .........
അത് അമ്മമ്മ എനിക്ക് തരാംന്ന് പറഞ്ഞതാ ........."
ആര് കേള്ക്കാന് !ബുദ്ധിയുറക്കാത്ത കുട്ടികള്
പറയുന്നത് ആരെങ്കിലും കേള്ക്കുമോ ............

അന്ന് രാത്രി കുട്ടി അമ്മയുടെ അടുത്താണ് കിടന്നത്.
അമ്മക്ക് അമ്മമ്മയുടെ കൈതോലയുടെ മണവുമില്ല ,
അമ്മയുടെ നെഞ്ചിനു അമ്മമ്മയുടെ നെഞ്ചിന്റെ
പതുപതുപ്പുമില്ല.കുട്ടിക്ക് ഉറക്കം വന്നില്ല .

'ഇപ്പൊ അമ്മമ്മയെ കത്തിച്ചു കഴിഞ്ഞിട്ടുണ്ടാവുമോ അമ്മേ ?'
'ഉവ്വ് കുട്ടി !'
'കണ്ണ് കത്തിയിട്ടുണ്ടാവോ?'
'നിക്ക് അറീല്ല മോളു! മിണ്ടാതെ കെടന്ന്ഉറങ്ങാന് നോക്ക് .............'

പകല് മുഴുവന് കരഞ്ഞു തളര്ന്നത് കൊണ്ടാവും അമ്മ
വേഗം മയങ്ങിപ്പോയി ....
കുട്ടി ശബ്ദമുണ്ടാക്കാതെ എണീറ്റ് പിറകുവശത്ത് കൂടെ
(മുന്വശത്തപ്പോഴും ആളുകള് ഇരുന്നു ഉറക്കം തൂങ്ങുന്നുണ്ട് )
പറമ്പില് തെക്കേ മൂലയിലേക്ക് നടന്നു .രാത്രിയില് കുട്ടിക്ക്
ഒരു പേടിയും തോന്നിയില്ല .കത്തി ബാക്കിയായ കനലുകളുടെ
വെളിച്ചത്തില് അവള് കണ്ടു ......
'അമ്മമ്മയുടെ കണ്ണുകള് !'
കെട്ടടങ്ങിയ ചാരത്തിനിടയില് രണ്ടു വൈരങ്ങള് പോലെ
അവ തിളങ്ങുന്നു .....അമ്മമ്മ ചോറൂട്ടുമ്പോഴത്തെവാത്സല്യ
നോട്ടവുമായി .......

കാറ്റില് കരിയിലകള് മെല്ലെ ഇളകി ..
അമ്മമ്മയുടെ ശബ്ദം കുട്ടി വ്യക്തമായി കേട്ടു.
'തത്തമ്മക്കുട്ടിക്കു അമ്മമ്മേടെ കണ്ണുകള് വേണ്ട ?
എടുത്തോളു'.

Tuesday, July 13, 2010

സ്നേഹത്തിന്റെ കരങ്ങള്‍

മേശമേല്‍ ടൈംപീസില് സൂചികള്‍ ഇരുളിലും തിളങ്ങി സമയമറിയിച്ചു. മണി പന്ത്രണ്ടരയായിരിക്കുന്നു.ഇനിയുംഉറക്കം വരാതെ രേഖ ഒന്ന് തിരിഞ്ഞു.കണ്ണടക്കുമ്പോള് ഓടിയെത്തുന്ന ഓര്മ്മകള്!സൂപെര്മാര്ക്കറ്റില് വെച്ച്
അമ്മയെ കണ്ടതില് പിന്നെ വിങ്ങാന് തുടങ്ങിയതാണ് ഓര്മ്മകള്.അവള് പതുക്കെതന്നെ വലയം ചെയ്തിരിക്കുന്ന കരങ്ങള് എടുത്തുമാറ്റി. കരങ്ങളുടെ ഉടമയുടെമുഖത്തേക്ക് കുറച്ചു നേരം നിര്ന്നിമേഷയായി നോക്കിനിന്നു.

പുറത്തെ സ്ട്രീറ്റ്ലൈറ്റിന്റെ വെളിച്ചം ജനാലതിരശീലക്കിടയിലൂടെ ഒരു കീറായി
അദ്ദേഹത്തിന്റെ മുഖത്തേക്ക് അരിച്ചിറങ്ങുന്നുണ്ടായിരുന്നു.ചുരുണ്ട മുടിയിഴകള് വീണുകിടക്കുന്ന ഉയര്ന്നനെറ്റിത്തടം.അവളാ മുടിയിഴകള് മാടിയൊതുക്കി.ഉറങ്ങുമ്പോള് എത്ര നിഷ്കളങ്കമാണാ മുഖം! തനിക്കുഅപ്രാപ്യമെന്നു കരുതിയിരുന്ന ജീവിതം തനിക്കു തന്ന രക്ഷകന്.ഒരേ സമയം
പ്രേമവും വാത്സല്യവും അവളുടെ മനസ്സില് നിറഞ്ഞു .അവളാ നെറ്റിയിലേക്ക്
ചുണ്ടുകള് ചേര്ത്തു.പിന്നെ മെല്ലെ വാതില്
തുറന്ന് സ്റ്റഡിറൂമിലെ ചാരുകസേരയില് ചെന്നിരുന്നു.പുറത്ത്ആര്ത്തിരമ്പുന്ന മഴ.രേഖ തലേന്ന്
വച്ച മാസികയുടെതാളുകള് മറിച്ചുതുടങ്ങി.കണ്ണിലുടക്കുന്നഅക്ഷരങ്ങള്,വാക്കുകള് ഒന്നുംമനസ്സിലേക്കെത്തുന്നില്ല.അവിടെ ഭൂതകാലസ്മരണകള് മിഴിവാര്ന്നു വന്നു.
ചിത്രങ്ങള് ആദ്യം പിന്നെ സംഭാഷണങ്ങള്,സംഭവങ്ങള്.ഏടുകള് മറിഞ്ഞു
മറിഞ്ഞു കണ്ണുനീരാല് അക്ഷരങ്ങള് മാഞ്ഞുതുടങ്ങിയ താളിലെത്തി നിന്നു.

കറുത്തതറയില് വെളുത്ത വിരിപ്പിനടിയിലേക്ക് ഊര്ന്നുപോയ അച്ചന്റെഓര്മ്മ.രണ്ടായി പകുത്തു മെടഞ്ഞിട്ടിരിക്കുന്ന മുടിയില് എണ്ണ കമഴ്ത്തികുളത്തില്മുങ്ങിവന്നത്,പുലവീടാന്നാവിലിറ്റിച്ച
ഗോമൂത്രത്തിന്റെയും
ആര്യവേപ്പിന്റയുംകയ്പ്പാര്ന്നസ്വാദ്,
വരാനിരിക്കുന്ന
അനാഥത്വത്തിന്റെമുന്നോടിയായി.

യവ്വനം ഇനിയും വിടപറയാത്ത അമ്മക്ക്ചുറ്റിലും അടുക്കുന്ന ആണ്സുഹൃത്തുക്കള്! പൊടുന്നനെ കിട്ടിയപരിഗണനയില് മതിമറന്നു
പ്രായപൂര്ത്തിയായ മകളെയും തന്നെത്തന്നെയും വിസ്മരിച്ചു പോയി അമ്മ.
ഒന്നും കണ്ടില്ല,കേട്ടില്ല എന്ന് നടിച്ചുപഠനത്തില് ശ്രദ്ധ കേന്ദ്രീകരിക്കാന് ശ്രമിച്ചു.തീരെ സഹിക്കാനാവാതെ വരുമ്പോള് പുറകിലെ ചെമ്പകച്ചോട്ടില് ചെന്നിരിക്കും .
വെറുതെ കണ്ണടച്ച് സങ്കടങ്ങളെ കണ്ണുനീരിലൊഴുക്കി.

ഒരിക്കല്
കോളേജിലെ സഹപാഠികള് പോലും അമ്മയെപറ്റിപറഞ്ഞപ്പോള് സഹിച്ചില്ല.അന്ന്എത്രനേരംഅവിടെയിരുന്നു
കണ്ണുനീരോഴുക്കിയെന്നറിയില്ല
.അവസാനം
കണ്ണുതുടച്ച് മുഖമുയര്ത്തിയപ്പോള് തന്നെത്തന്നെ സാകൂതം
വീക്ഷിക്കുന്നരണ്ടു നയനങ്ങള്!അപ്പുറത്തെ വീട്ടിലെ
ഒരിക്കലും തുറക്കാരില്ലത്ത്ത ജനാലക്കിടയിലൂടെ.....
പുതുതായെത്തിയ
താമസക്കാരന്!
.നേര്ത്ത താടിയുള്ളമുഖത്ത് ഗൌരവം,കണ്ണുകളില്
അനുതാപത്തിന്റെ
പ്രകാശം .ജാള്യത മറക്കാന്ഓടിപ്പോയതോര്മ്മയുണ്ട്.

അമ്മയുടെ സുഹൃത്തുക്കളില് ഒരാള് വീട്ടില് പതിവുകാരനായി.ഒരമ്മക്ക് സ്വന്തംമകള് ശത്രുവും ശല്യവും ആവുന്ന അവസ്ഥ.പലപ്പോഴും തനിക്കു നേരെയും നീളുന്ന കാമാര്ത്തമായ കണ്ണുകള്ഭയപ്പെടുത്തി തുടങ്ങി.വീടിനുള്ളിലേക്ക് കയറുമ്പോള് അറിയാതെ കണ്ണുകള് മതിലിനപ്പുറത്തേക്ക്ചെല്ലും.ജനാലയില് മുഖം കണ്ടാല് ഒരു സമാധാനമാണ്.ഒരു നോട്ടം ഒരായിരം വാക്കുകള്ക്ക്
പകരമാവുന്നതെങ്ങനെയെന്നു വിസ്മയം പൂണ്ടു .നോട്ടത്തിലൂടെ മനസ്സും മനസ്സും ആണ്സംവേദിക്കുന്നതു,വാക്കുകളിലൂടെ ബുദ്ധിയും.

അന്ന് കോളേജില് നിന്നും നേരത്തെ ഇറങ്ങുമ്പോള് പിറ്റേ ദിവസത്തെ പരീക്ഷക്ക്പ്രിപെയര് ചെയ്യണ്ട കാര്യങ്ങള് ആണ് മനസ്സ് മുഴുവനും.തുറന്ന് കിടക്കുന്ന വാതില്കണ്ടപ്പോഴേസംശയമായി.അമ്മയെ വിളിച്ചുകൊണ്ടാണ് അകത്തു കടന്നത്.
"അമ്മ ഡോക്ടറെ കാണാന് പോയി "വിടലചിരിയുമായി അയാള് !
വിസ്കിയുടെ രൂക്ഷഗന്ധം.അയാളെ അവഗണിച്ചു വേഗം മുറിയില് കയറി ബാഗ്കട്ടിലില് വെച്ചതും പിറകില് അയാള്.ഒരു തള്ളലില് കട്ടിലില് വീണ തന്റെ മുഖം
ഒരുകൈകൊണ്ടമര്ത്തിപിടഞ്ഞെണീക്കാനുള്ള
ശ്രമത്തെതടഞ്ഞു
ചുരിദാര്
വള്ളികളില് പിടുത്തമിട്ട കൈകള് പറിച്ചെറിയാന് ഒരു പാഴ്ശ്രമം നടത്തി.അവസാനംതളര്ന്നു പ്രതീക്ഷിച്ചിരുന്നദുരന്തം ഏറ്റുവാങ്ങാന് തയ്യാറായി.
മനസ്സിനെ ശരീരത്തില് നിന്നും മാറ്റി വെറും ദേഹം മാത്രമായി കിടന്നു.

.പെട്ടെന്ന്പരതുന്ന കൈകള് നിശ്ചലമാവുന്നതും,തന്നെ ആരോ ഉയര്ത്തി എണീപ്പിക്കുന്നതുംഅവളറിഞ്ഞു.കണ്ണുതുറന്നപ്പോള് കണ്ടത് ദൈവത്തിന്റെ മുഖം!കണ്ണുകളില് ഊറുന്നഅലിവു,പ്രേമം.
"വരൂ"എന്ന് ഘനഗംഭീരശബ്ദം.നീട്ടിയ കരങ്ങളില് കൈ ചേര്ത്തപ്പോള് മനസ്സ്ഓളങ്ങള് അടങ്ങിയ പുഴ പോലെ ശാന്തം.

"രേഖ,എന്തായിതിവിടെ?' എന്ന ചോദ്യവും ചുമലില് അമര്ന്ന കൈത്തലവുംഅവളെ ഉണര്ത്തി.
"വരൂ,വന്നുകിടന്നുറങ്ങൂ!"മൃദു മന്ദഹാസത്തോടെ അദ്ദേഹം!
കൈകളില് വിരല് കോര്ത്തു,ചുമലില് തല
ചായ്ച്ച് അവള് നടന്നു തുടങ്ങി ,
ജീവിതപ്പാതയിലെ ബാക്കി ദൂരങ്ങള് !

Wednesday, July 7, 2010

ഇന്ദു മേനോനും പെണ്ണെഴുത്തും

ഇന്ദു മേനോന്‍റെ "ഒരു ലെസ്ബിയന്‍ പശു' എന്ന പുസ്തകം പേരിലെ കൌതുകം കൊണ്ട്
വായിക്കാനെടുത്തത് ആണ്. പക്ഷെ നിരാശപ്പെടുത്തിയില്ല, എന്ന് മാത്രമല്ല ഏറെആഹ്ലാദിപ്പിച്ചു, ചിന്തിപ്പിച്ചു. ഒരു സ്ത്രീ രചനയില് സാധാരണമായ അടക്കിപ്പിടിക്കലുകളും തന്മൂലമുള്ള ഞരക്കങ്ങളും ഇല്ലാത്ത സ്വതന്ത്രമായ ആഖ്യാനശൈലി!
തടസ്സങ്ങളില്ലാതെ വായിക്കാന് പറ്റി.
ഓരോ കഥയിലും സ്വതന്ത്രചിന്താഗതിയുടെയും മാറുന്ന ലൈംഗികസങ്കല്പ്പങ്ങളുടെയും മാറ്റൊലികള്! ചിന്തകളില്
ഇരമ്പുന്ന നിഷേധത്തിന്റെ, പ്രതിഷേധത്തിന്റെ താന്പോരിമകള്!
വാക്കുകളുടെ ചടുലത, imagery യുടെ ഭാവാത്മകത. ഫാന്റസിയുടെ സ്പര്ശമുള്ള എന്നാല് പച്ചയായ ജീവിതത്തിന്റെ ചൂടും ചൂരുമുള്ള കഥകള്. ശരിക്കും ഇന്ദുമേനോന് പ്രതീക്ഷയുടെ പ്രകാശകിരണങ്ങള് ഉതിര്ത്തു
കൊണ്ടാണ് നടന്നു നീങ്ങുന്നത്. കഥാകാരിക്ക് ആശംസകള് !
സക്കറിയയുടെ അവതാരിക "പെണ്ണെഴുത്ത്" എന്ന പ്രയോഗത്തെപറ്റി ഒരു confusion ഉണ്ടാക്കി.എന്താണ് സത്യത്തില് പെണ്ണെഴുത്ത്? പെണ്ണുങ്ങള് എഴുതുന്നതെല്ലാം പെണ്ണെഴുത്ത് ആവുമോ?അതോ feminine sensibility ഉള്ള എല്ലാ എഴുത്തുകളും (അത് ആണുങ്ങള് എഴുതിയാലും) പെണ്ണെഴുത്ത് ആവുമോ ?
അങ്ങനെ കുറെ സംശയങ്ങള്. പിന്നെ, പെണ്ണെഴുത്ത് എന്ന ലേബല് ഈ രചനകള്ക്ക് ഒരു ന്യൂനപക്ഷ' പദവി നല്കിയേക്കും. അത് നമ്മുടെ സമൂഹത്തില് ഒരു"വിശിഷ്ടപദവി"
ആണല്ലോ!
ജാലകം