വാഴക്കൈയിലിരുന്ന കാക്ക താഴെ തെങ്ങിന്
തടത്തില് നിര്ത്തിയിരിക്കുന്ന വെള്ളത്തില്
മുങ്ങി ,കുടഞ്ഞു നിവര്ന്നു, വീണ്ടും വാഴക്കൈ -
യിലിരുന്നു വിരുന്നു വിളിച്ചു .
വെണ്ണീറില് സോപ്പുപൊടി കൂട്ടിയോജിപ്പിച്ചതില്
ചകിരി മുക്കി അവള് പാത്രങ്ങളില് അമര്ത്തിയമര്ത്തി
തേച്ചു .കൊട്ടത്തളത്തിനു പുറത്ത് തേച്ചുവെച്ചിരിക്കുന്ന
പാത്രങ്ങളില് തട്ടി ചിതറിയ സൂര്യരശ്മികള് അവളുടെ
കവിളിലെത്തി ,വിയര്പ്പുതുള്ളികള് മിനുക്കിയ മൂക്കിന്മേല്
പുരണ്ട കരിയില് അലിഞ്ഞു.
അവള് രമ,ഇരുപത്തിരണ്ടു വയസ്സ് പ്രായം ,പ്രീഡിഗ്രീ
ഒന്നാം കൊല്ലപരീക്ഷയെഴുതിയ അവധിക്കാലത്ത് അമ്മയുടെ
മരണശേഷം പഠിപ്പ് നിര്ത്തിയവള്,
രാധമ്മായിയുടെ വീട്ടില് കിട്ടിയ 'വേതനമില്ലാ തൊഴിലാളി '
വേഷത്തില് സന്തുഷ്ട ,
തലയ്ക്കുമീതെ കൂരയും വയറു നിറച്ചു ഭക്ഷണവും
തരുന്നവരോടുള്ള നന്ദിയും കൂറും പ്രകടിപ്പിക്കാന്
രാപ്പകല് ഓടിനടക്കുന്നവള് ...........
പെട്ടെന്ന് അവളുടെ മുന്പില് ഒരു നിഴലനങ്ങി.മടക്കി കുത്തിയ
പാവാടയഴിച്ചു ഒരു വിറയലോടെ അവള് നിന്നു.
അല്പ്പനേരം അനങ്ങാതെ നിന്ന നിഴല് മാഞ്ഞു പോയി .
അവള് നെടുവീര്പ്പിട്ടുകൊണ്ട് പണി തുടര്ന്നു.
രാധമ്മായിയുടെ മൂത്ത മകന് മോനുട്ടന് ആണത് ,ഡല്ഹിയില്
പഠിക്കാന് പോയതില് പിന്നെ അവധിക്കാലങ്ങളില് വരുമ്പോള്
ഇങ്ങനെയാണ് ,'നിഴല്പാവക്കൂത്ത് '!
പണ്ടത്തെ കളിചിരിയില്ല ,തമാശയില്ല .മൌനത്തില് മുങ്ങിയ
നോട്ടങ്ങള് അപ്പോഴുമിപ്പോഴും .പലപ്പോഴും ഒഴിവാക്കാന്
ശ്രമിക്കുന്നത് പോലെ ...
ഒരു കളിക്കൂട്ട്കാരിയില് നിന്നും വേലക്കാരിയിലേക്കുള്ള ദൂരം
താണ്ടിക്കഴിക്കഞ്ഞെന്നു അവള് വേദനയോടെ മനസ്സിലാക്കി .
കണ് വെട്ടത്ത് പെടാതെയിരിക്കാന് ശ്രദ്ധിച്ചു .എന്നാലും ഇഷ്ടമുള്ള
നെയ്പായസമുണ്ടാക്കിയും വസ്ത്രങ്ങള് കഴുകിയും പെട്ടി ഒതുക്കിയും
തന്റെ അദൃശ്യ സാന്നിധ്യം അറിയിച്ച്ചുകൊണ്ടിരുന്നു .
കഴുകിയ പാത്രങ്ങളുമായി രമ അടുക്കളയിലേക്കു നടന്നു .
പഴയ മട്ടിലുള്ള അടുക്കളയില് അരിപ്പെട്ടിയുടെ അടുത്ത്
കെട്ടിഞാത്തിയിരിക്കുന്ന വാഴക്കുലയിലെ അടിയിലെ ഒരു
പഴം പഴുത്ത് വവ്വാല് കടിച്ചിരിക്കുന്നത് അപ്പോഴാണ്
അവള് കണ്ടത് .താഴെ ഞളങ്ങിയ കവടി പാത്രത്തില്
ഒഴിച്ച് വെച്ചിരുന്ന പാല് നക്കികുടിക്കുകയാണ് സുന്ദരിപൂച്ച .
അവളും സുന്ദരിയും ഒന്നിച്ചാണ് ആ വീട്ടില് വന്നുകയറിയത് .
അവള്ക്കിപ്പോഴും ഓര്മ്മയുണ്ട് ,പടിഞ്ഞാറേ പുറത്തെ
ഇറയത്ത് അപരിചിതത്വത്തിന്റെ ചവിട്ടുപടിയില്,
തിമിര്ത്തു പെയ്യുന്ന മഴയില് മിഴിയൂന്നി നിന്ന തന്റെ
വലതുകാലില് മുഖമുരുമ്മി കൂട്ടുകൂടാനെത്ത്തിയ
മഴയില് കുതിര്ന്ന വെളുത്ത രോമങ്ങളും പേടിച്ചരണ്ട
പച്ച കണ്ണുകളും ഉള്ള സുന്ദരി !
പിന്നീടാ സൌഹൃദവര്ഷങ്ങള് എത്രയെത്ര പൂച്ചക്കുഞ്ഞുങ്ങളെ
ആണു പ്രസവിച്ചത് !പൂച്ചകള് പെറ്റുപെരുകുന്നത് വീടിനു
ഐശ്വര്യമായി കണ്ട രാധമ്മായിയും സുന്ദരിയെ ഓമനിച്ചിരുന്നു.
ചായ്പ്പിനടുത്ത്തുള്ള മുറിയില് രമ കിടക്കുന്ന പായയുടെ അടുത്ത്
,രാത്രിയില് അവള് അഴിച്ചു വെക്കുന്ന ദാവണിയുടെ മുകളില്
ആണു സുന്ദരിയുടെ ഉറക്കം .പാല് കുടിച്ച് ,മീശ തുടച്ച സുന്ദരി
രമയെ മുട്ടി നടന്നു ശ്രദ്ധയാകര്ഷിച്ചു.
രമയുടെ അമ്മയുടെ അമ്മാവന്റെ മകനായ വേണുവിന്റെ
ആലോചന വന്നപ്പോള് അവളെ അലട്ടിയ ഒരേ ഒരു കാര്യം
സുന്ദരിയെ വിട്ടുപിരിയേണ്ടി വരുമല്ലോ എന്നത് ആണു .
കറുത്ത് കുറുതായി,മേത്ത് മുഴുവന് രോമക്കാടുമായ് നടക്കുന്ന
വേണുവിനെ കാണുമ്പോള് അവള്ക്കു മുരിക്ക് മരത്ത്തെയാണ്
ഓര്മ്മ വരിക .അവനുമായുള്ള വിവാഹം മൂലം പാത്രം
തേയ്ക്കുന്ന വെണ്ണീര് (അവിടെ കത്തിക്കാന് ഉപയോഗിക്കുന്നത്
അറക്കാപൊടിയാണ് എന്ന് നളിനിയമ്മായി പറഞ്ഞു കേട്ടിട്ടുണ്ട് )
വ്യത്യാസമുളളതാവും എന്നതല്ലാതെ വേറെ ഒരു പ്രത്യേകതയും
അവളുടെ ജീവിതത്തിലുണ്ടാകുമെന്നു അവള് കരുതുന്നില്ല .അതുകൊണ്ട്
തന്നെ ആ വിശേഷം അവളില് ഒരു മാറ്റവും ഉണ്ടാക്കിയില്ല .
ഉച്ചയൂണിന്റെ വിഭവങ്ങള് നടുത്തളത്തിലെ വലിയ ഊണ്
മേശമേല് നിരത്തുമ്പോള്പതിവിനു വിപരീതമായി
അവിടത്തെ ശ്മശാന മൂകതയില് അവളുടെ ഉള്ളു ഒന്ന്
പിടഞ്ഞു .മോനുട്ടന് ഇഷ്ടമുള്ള നെയ്പായസം മേശമേല്
വെയ്ക്കവേ കൈ വിറച്ച് ഒരു തുള്ളി പായസം മേശമേല്
വീണു .മുഖം തിരിച്ചു അവളെ നോക്കിയ രാധമ്മായിയുടെ
കണ്ണില് മുന്പൊരിക്കലും കാണാത്ത ഭാവപ്പകര്ച്ച .
'ഇന്നെന്താ നെയ്പായസം ?'
ചോദ്യത്തില് പരിഹാസത്തിന്റെ മേമ്പൊടി .
'അത് ഞാന് മോനുട്ടന് ഇഷ്ടമല്ലേ എന്ന് കരുതിയാണ് '......
അവളുടെ സ്വരം ഇടറി .
'നീ നെയ്പായസം വിളംബിയിരുന്നതെന്റെ മകന്റെ മനസ്സില് ആണല്ലേ ?''
രാധമ്മായി ചീറി .
'അമ്മേ !'മോനുട്ടന്റെ വിളിയില് നിശബ്ദമായ മുറിയില് ഒരു
ഊഷ്മളബന്ധത്തിന്റെ ശവമടക്ക് കഴിഞ്ഞു .
നെയ്പായസത്ത്തിന്റെ മണം രമയുടെ മൂക്കിലും വായിലും
നിറഞ്ഞു അവളുടെ തൊണ്ടയില് അമര്ത്തിയ തേങ്ങല് ആയി
മാറി .
രാത്രിയില് അവളുടെ മുറിയില് വസ്ത്രങ്ങളല്ലാതെ,മോനുട്ടന്
പണ്ട് കോളേജില് നിന്നും കന്യാകുമാരിയിലേക്ക് ടൂര് പോയിട്ട്
അവള്ക്കു കൊടുത്ത ശംഖു മാലയും അച്ഛന്റെയും അമ്മയുടെയും
ഫോട്ടോയും അടങ്ങിയ പഴയ വി .ഐ .പി ബാഗുമെടുത്ത്
രമ അറിയാത്ത ജീവിതത്തിന്റെ നിസ്സംഗതയിലേക്ക് വാതില്
തുറന്നു .സുന്ദരി അവളുടെ മുന്പിലായി നടന്നു .
മുറ്റത്ത് അരണ്ട നിലാവെളിച്ചത്തില് ,വൈകിയിട്ടു
പെയ്ത മഴയില് അയയിലിട്ടിരിക്കുന്ന നനഞ്ഞ തുണികള്
എടുത്തു വെച്ചില്ലല്ലോ എന്ന കുറ്റബോധത്തോടെ രമ നടന്നു .
പടി ശബ്ദമുണ്ടാക്കാതെ തുറന്നു ,വലിയ മൂവാണ്ടന് മാവിന്റെ
നിഴല് കടന്നു നടന്നു നീങ്ങിയ രമ മുന്പില് ഒരു നിഴലനക്കം
കണ്ടു തരിച്ചു നിന്നു .പിന്നെ അവളുടെ നിഴലും ആ നിഴലും
ഒന്നായി ഒരു ജീവിതത്തിന്റെ ആഴം അളക്കുന്നതു എങ്ങനെയെന്നു
വിസ്മയം പൂണ്ടു .
ചിത്ര,
ReplyDeleteനന്നായിട്ടുണ്ട്. ആദ്യം വായന തുടങ്ങിയപ്പോള്‍ കവിതയാണെന്നാണ് കരുതിയത്. പിന്നെ വായിച്ച് വന്നപ്പോഴാ മനസ്സിലായത് കഥയാണെന്ന്.. എന്റെ വായനയുടെ ഒരു പോക്കേ.. :) അവസാന ഭാഗത്ത് വായനക്കാരനു പല രീതിയില്‍ ചിന്തിക്കാനുള്ള ഒരു ഇത് ഉണ്ടാക്കിയിട്ടുണ്ട്. അത് കഥാകാരിയുടെ വിജയം തന്നെ. കഥ പറച്ചിലിന്റെയും..
ആഹാ മനോഹരമായ എഴുത്ത് ..കവിത പോലെ കിനിഞ്ഞിറങ്ങി ചാറ്റല്‍ മഴപോലെ വിതര്‍ന്നു കഥയായി പരിണമിച്ചു ...മഹാമാരി പോലെ പെയ്തൊഴിഞ്ഞു ..കൊള്ളാം ..
ReplyDeleteനല്ല ക്രാഫ്റ്റ് ..ഒന്നുകൂടി മനസിരുത്തി അല്പം പശ്ചാത്തല വിവരണങ്ങള്‍ ,പരിസരം എന്നീ ചാരങ്ങള്‍ കൊണ്ട് അമര്‍ത്തി തേച്ചു മിനുക്കിയാല്‍ ഒന്ന് കൂടി തിളക്കം കിട്ടിയേനെ ..ഇനിയും എഴുതൂ ..ഭാവുകങ്ങള്‍ :)
പറഞ്ഞാൽ ചിലപ്പോൾ മറ്റുള്ളവർ കൂകും
ReplyDeleteഎന്നാലും വേണ്ടില്ല.
ഒരു എം. ടി ടച്ച്..
ഗംഭീരം ..ഞാനും ആദ്യം കരുതി കവിതയാണ് എന്ന് ....വളരെ നന്നായി ....................താങ്ക്സ്
ReplyDeleteചിത്രാംഗദ എന്ന കഥാകാരിയുടെ അവതരണ രീതി എനിക്കൊരുപാടിഷ്ടമായി. ജീവിതത്തിലെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളെ നന്നായി എഴുതിയിരിക്കുന്നു. കവിത പോലെ മനോഹരമായ കഥ. വായിച്ചു തീര്‍ന്നതറിഞ്ഞില്ല.
ReplyDelete".പിന്നെ അവളുടെ നിഴലും ആ നിഴലും
ഒന്നായി ഒരു ജീവിതത്തിന്റെ ആഴം അളക്കുന്നതു എങ്ങനെയെന്നു വിസ്മയം പൂണ്ടു"
എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനം.
ചിത്ര,
ReplyDeleteഅടിപൊളി ആയിരിക്കുന്നു...
രണ്ടു കഥയാണെങ്കിലും വായിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ "നീലത്താമര" ആണ് മനസ്സില്‍ വന്നത്...
മിക്കവാറും എല്ലാ വരികളും തന്നെ ഒരുപാട് ഇഷ്ടപ്പെട്ടു..
ചിത്ര ഇത് പോസ്റ്റ് ചെയ്തപ്പോഴേ ഞാന്‍ വന്നു വായിച്ചിരുന്നു..
ഇതൊരു കഥയായി തോന്നിയെങ്കിലും, കവിതയെ കുറിച്ച് വലിയ വിവരം എനിക്കില്ലാതതിനാലും , ഇതൊരു കവിത അല്ല എന്ന് തീര്‍ത്തു പറയാന്‍ മാത്രം വിവരം എനിക്കില്ലാത്തതിനാലും മറ്റുള്ളവര്‍ എന്ത് പറയുന്നു എന്നറിയുവാന്‍ കാത്തിരിക്കുകയായിരുന്നു..
ഒരിക്കല്‍ കൂടി എന്റെ അഭിനന്ദനങ്ങള്‍..
ചിത്രാ- രമയെപ്പോലെ ചില പെൺകുട്ടികളെ,ബന്ധുക്കളുടെ വീടുകളിലെ വേതനമില്ലാത്ത വേലക്കാരെ എനിക്കറിയാം, ചിത്ര മനോഹരമായി കഥ പറഞ്ഞു, നീ നെയ്പായസം വിളംബിയിരുന്നതെന്റെ മകന്റെ മനസ്സില് ആണല്ലേ - കവിതയിലാണല്ലോ അമ്മായി സംസാരിക്കുന്നത്? നിഴലുമായി കൂട്ടു ചേർന്ന് അവൾ പടിയിറങ്ങുന്നതും നന്നായി!
ReplyDeleteകവിത തുളുമ്പുന്ന ഒരു കഥ.
ReplyDeleteഎത്ര നല്ല എഴുത്ത്
വളരെ വളരെ ഇഷ്ടമായി.
നന്നായിട്ടുണ്ട്.
ReplyDeleteഇദ്ദാണ് കഥ... !!
ReplyDeleteആഹഹാ..... എന്തൊരു സുഖം വായിക്കാന്‍,,,,,,
ശരിക്കും ഇഷ്ടമായ കഥ.... !!
കഥ ഒഴുകി ക്ലൈമാക്സില്‍ വന്നു നിന്നപ്പോള്‍ എന്തോ ഒരു സന്തോഷം .ആ “നിഴല്‍“ രമുടെ കൂടെ കണ്ടപ്പോള്‍ സന്തോഷമായി....
നെയ്പായസം വിളമ്പിയത് മകന്‍റെ മനസ്സിലാണോ എന്ന രാധമ്മായിയുടെ ചോദ്യത്തിനു “അമ്മേ” എന്ന മോനുട്ടന്‍റെ വിളിയോടെ കഥ വിജയിച്ചു കഴിഞ്ഞു...
അഭിനന്ദനങ്ങള്‍ ചിത്രാ...
നല്ല കഥ.
ReplyDeleteചരടിനൊത്തു ചലിക്കുന്നവർ നമ്മൾ!
നല്ല കഥ... ചിലപ്പോളൊക്കെ ഒരു നീലത്താമര ടച്ച് വന്നോ എന്നൊരു സംശയം...ഏതു കാലഘട്ടം ആണ് മനസ്സില്‍ ഉദേശിച്ചത്???
ReplyDeleteഅഭിപ്രായങ്ങള്‍ എല്ലാരും പറഞ്ഞു. എന്നാലും ഞാനും പറയട്ടെ, മനോഹരമായിട്ടുണ്ട്.
ReplyDeleteഇഷ്ടപ്പെട്ടു ഒരുപാട്, അവസാന ഭാഗം അതിമനോഹരം.
ആശംസകള്‍
അമ്മായിയുടെ വാക്കുകളിലും കവിതയാണല്ലോ.
ReplyDeleteകഥ നന്നായിട്ടുണ്ട്, ഇഷ്ടമായി.
ഇനീം വരാം.
വളരെ നല്ല കഥ. ഗൃഹാതുരത്വമുണര്ത്തുന്ന അവതരണം.
ReplyDeletegood ....
ReplyDeletegood....
ReplyDeleteവേതനമില്ലാത്ത ഒരു വേലക്കാരിയുടെ വേദനകളുടെ കഥനം വേറിട്ട രീതിയിൽ അവതരിപ്പിച്ച് കയ്യടി വാങ്ങിയതിൽ അഭിനദനം കേട്ടൊ ചിത്രേ
ReplyDeleteവിഷയം പഴയതാണെങ്കിലും നന്നായി പറഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങള്‍
ReplyDeleteകുറച്ചു ദിവസം മുമ്പ് വായിച്ചിരുന്നു. ഒന്നുകൂടി വായിച്ചു...
ReplyDeleteഇപ്പോഴാണ് കമന്റാന്‍ സൗകര്യം കിട്ടിയത് :(
കഥ പറയുന്നതിലെ അസൂയാവഹമായ കൈയ്യടക്കം ചിത്രയ്ക്കുണ്ട്. എത്രയോ തവണ കേട്ട പ്രമേയം... എങ്കിലും നിഴല്‍ പാവക്കൂത്തുകളിയുടെ പശ്ചാത്തലം അതീവ ഹൃദ്യമായിതോന്നി.