Saturday, November 27, 2010

മനസ്സിന്റെ അവകാശി

ഈ ഒരു രാത്രി കൊണ്ടു തീരും
നാം തമ്മിലുള്ള ബന്ധം !'
പഞ്ചാരമണലില് മലര്ന്നു കിടക്കുന്ന
അവന്റെ ഷര്ട്ടിനുള്ളിലേക്ക് മണല്
വാരിയിട്ടു അവള് ഒരു പ്രാവിനെപ്പോലെ
കുറുകി .ദൂരെ കടലിന്റെ ഓളപരപ്പിലേക്ക്
അവസാനിച്ചു പോകുന്ന അസ്തമയസൂര്യന്റെ
തുടുപ്പു !.ഇരുള് മടിച്ചുമടിച്ചു പരന്നുതുടങ്ങി;
തുടങ്ങുമ്പോഴേ മടിയുള്ളു,പരന്നു കഴിഞ്ഞാല്
ഇരുളിന്റെ ലോകമാണ് .മറയിട്ട ലോകം !

'നാളത്തെ ഉദയസൂര്യനോടൊപ്പം എനിക്കൊരു
പുതുജന്മം !വ്യവസായ പ്രമുഖന് റോയിമാത്യു -
വിന്റെ പ്രതിശ്രുത വധു ....'

'പാവം റോയി മാത്യു!ലോകത്തെ വിലപിടിപ്പുള്ള
സാധനങ്ങള് എല്ലാം സ്വന്തമാക്കിയ റോയിമാത്യുവിനു
കെട്ടാന് പോവുന്ന പെണ്ണിന്റെ മനസ്സ് മാത്രമില്ല .
അക്കാര്യത്തില് അദ്ദേഹം പരമ ദരിദ്രനാവും......'
അവന് പകയോടെ ,നിഗൂഡമായ ഒരാനന്ദത്തോടെ
പറഞ്ഞു .

എഴുന്നേറ്റു നിന്ന് ജീന്സിലെ മണല്ത്തരി തട്ടി
കളയുന്നതിനിടക്ക് അവള് നിന്ദയോടെ അവനെ
നോക്കി മന്ദഹസിച്ചു .എന്നിട്ട് മനസ്സില് മന്ത്രിച്ചു .

'എന്റെ പ്രണയനമ്പരില് എട്ടാമനായ നിനക്കുമില്ല
എന്റെ മനസ്സ് !
എന്റെ മനസ്സ് ,അതെന്റെ മാത്രം സ്വന്തം !!!'

Wednesday, November 17, 2010

അയലത്തെ അദ്ദേഹം

ഫ്ലാറ്റിനുള്ളിലെ കനത്ത നിശബ്ദതയെ ഭേദിച്ചു
കൊണ്ടു കോളിംഗ്ബെല്ലിന്റെ ശബ്ദം കൂട്ടിലടച്ച്ച്ച
കിളിയുടെ രോദനം പോലെ ദീനമായി
മുഴങ്ങി .എ.സി യുടെ തണുപ്പില് ബ്ലാങ്കറ്റിന്റെ
ചിറകിനടിയില് നിന്നും എണീക്കേണ്ടി വന്നതിലുള്ള
അസ്വാരസ്യത്തോടെ ഞാന് കണ്ണ് തിരുമ്മി,ചുവരിലെ
ക്ലോക്കിലേക്ക് നോക്കി.
ഓ,നാലുമണിയായി അല്ലെ .പതിവായി ഈ സമയത്ത്
സൌഹൃദസന്ദര്ശനത്തിനു എത്താറുള്ള കാരോ എന്ന
കരോളിന ആയിരിക്കും .ഈ മണലാരണ്യത്തില്
ആദ്യമായി എന്നോട് കൂട്ട്കൂടിയ ആന്ധ്രപ്രദേശ്കാരി,
ആന്ഗ്ലോഇന്ത്യന്,എല്ലാവരുടെയും പ്രിയപ്പെട്ട 'ഗുണ്ടപ്പി !'

ഞങ്ങളുടെ കിറ്റിഗ്രൂപ്പിലെ ഏറ്റവും വിരൂപയാണ്
കാരോ.എന്നാലോ,എല്ലാവരുടെയും അസൂയാപാത്രവും !
അതിനു കാരണം 'ചോരു കാ ഗുലാം' എന്ന വിശേഷണം
അഭിമാനത്തോടെ അണിഞ്ഞു നടക്കുന്ന അവളുടെ
ഭര്ത്താവാണ് .പ്രണയവിവാഹിതരായി വര്ഷങ്ങള്ക്കു
ശേഷവും പ്രാരാബ്ദകുത്തൊഴുക്കില് പ്രണയാഗ്നി
കെടാതെ സൂക്ഷിച്ച ദമ്പതികള് .ഉയര്ന്ന ഹിന്ദു വിഭാഗത്തില്
പെട്ട മോഹന് വിവാഹശേഷം മാമോദീസ മുങ്ങി ,
സത്യകൃസ്ത്യാനിയായി ആ മതവിഭാഗത്തിന്റെ ആചാരങ്ങള്
ഭാര്യയെക്കാള് നിഷ്ഠയോടെ അനുഷ്ടിക്കുന്നു.

പാര്ട്ടികളില് അവരുടെ പരസ്യസ്നേഹപ്രകടനങ്ങള് കണ്ടു
ഞങ്ങളെല്ലാം പരസ്പരം നോക്കി പരിഹസിച്ചു ചിരിക്കുകയും
രഹസ്യമായി അരസികന്മാരായ ഭര്ത്താക്കന്മാരുടെ കാലില്
ചവിട്ടുകയും ചെയ്തിരുന്നു .മോഹനെന്നാല് ഞങ്ങള്ക്കെല്ലാം
ഒരു അളവുകോലായി മാറി .ആരാധന മൂത്ത് മൂത്ത് എന്റെ
മനസ്സില് അദേഹത്തിനു ഒരു ദൈവിക പരിവേഷം തന്നെയായി .

ചിന്തകളെ തടുത്തുകൊണ്ട് കോളിംഗ്ബെല്ല് അക്ഷമയോടെ
മുഴങ്ങാന് തുടങ്ങി .ഞാന് വേഗം വാതില് തുറന്നു .സാധാരണ
വിടര്ന്ന ചിരിയുമായി തന്റെ മുഖപ്രസാദത്താല് പരിസരം
ജ്വലിപ്പിച്ച്ചു കൊണ്ടാണ് കാരോ അകത്തേക്ക് കടക്കാറുള്ളത് .
ഇതിപ്പോ മുഖം കടന്നല് കുത്തിയ പോലെ വീര്ത്തിരിക്കുന്നു . .
കാര്യമായ എന്തോ പ്രശ്നമുണ്ട് .

സോഫയില് ചാരിയിരുന്ന് ഞാന് കൊടുത്ത കാപ്പി
കുടിക്കുന്നതിനിടയില് അവള് തന്റെ ഇടതു കൈ വിരലുകള്
മടക്കുകയും നിവര്ത്തുകയും ചെയ്തുകൊണ്ടിരുന്നു .
ചിന്താഭാരത്താല് അവളുടെ നെഞ്ച് ഒരു ആസ്ത്മാരോഗിയു
ടെതെന്നവണ്ണം ഉയര്ന്നു താഴുന്നുണ്ടായിരുന്നു.എന്റെ ഒരു
ചോദ്യം പോലും അവളെ പ്രകോപിപ്പിച്ച്ചേക്കുമെന്ന്
ഞാന് ഭയന്നു.അവസാനം അവള് വല്ലാത്ത ഒരു ഞരക്കത്തോടെ
എന്റെ തോളില് ചാഞ്ഞു .
ആരുടെയെങ്കിലും സങ്കടം കണ്ടാല് സ്വയം ആ സങ്കടത്തില്
അലിഞ്ഞു അവരെക്കാള് വലിയ സങ്കടക്കാരിയാവുന്ന
പ്രകൃതക്കാരിയാണ് ഞാന്.എന്നാലും എനിക്ക് അറിയാവുന്ന
വിധത്തില് ആശ്വസിപ്പിക്കാന് ഒരു ശ്രമം നടത്തി .
'മോഹന് ......... മോഹന് ഓഫീസിലെ ഒരു സത്രീയുമായി
'അഫയര് 'ഉണ്ട് .'അവസാനം അവള് അത് പറഞ്ഞു .
'എന്ത്?'
ഞാന് ചുവരില് ചാരി നിന്ന്കൊണ്ടു ചോദിച്ചു .
'ആരെങ്കിലും അസൂയ കൊണ്ടു പറയുന്നത് ആവും ,അത്
ചിലപ്പോ നല്ല 'friendship ' ആവും .'
ഞാന് സ്വയം വിശ്വസിപ്പിക്കാനെന്ന പോലെ പിറുപിറുത്തു .

അവള് മോഹനെ കയ്യോടെ പിടികൂടിയതും മോഹന്
പാശ്ചാത്താപവിവശനായതും നാട്ടിലെ സ്വത്ത് തന്റെ
പേരിലാക്കിയത് എത്ര നന്നായെന്നുമൊക്കെ പറഞ്ഞു
കൊണ്ടിരുന്നു .ഞാന് പക്ഷെ അതൊന്നും കേക്കുന്നുണ്ടായി-
രുന്നില്ല .എന്റെ മനസ്സില് നടന്ന സ്ഫോടനത്തില്
'ഓറ'യില് പൊതിഞ്ഞ മോഹന്റെ രൂപം
പൊട്ടിച്ചിതറി പോയി .............
അത്ര തെളിയാതെ നിന്ന വേറെ ഒരു രൂപം മെല്ലെ മെല്ലെ
പ്രകാശിച്ചു തുടങ്ങി ,ഒരു കാവല് നക്ഷത്രത്തെപ്പോലെ ................

Tuesday, November 9, 2010

ജീവിതഗന്ധം

അടച്ചിട്ട മുറികളില്
ഇഴയുന്ന നിശബ്ദത,
തെളിയാ ദീപത്തിന് കരിന്തിരി -
പരത്തും ഈര്പ്പഗന്ധം
തളച്ചിട്ട മനസ്സുകളില്
അസ്വസ്ഥതയുടെ നീര്ക്കുമിളകള്
ചിതലരിച്ച്ച കിനാക്കള്
അജ്ഞതയുടെ ഇരുള്
വെറുങ്ങലിച്ച ചിന്തകളുടെ
മടുപ്പിക്കും ചീഗന്ധം
ആകെ കെട്ടിമൂടിയ ഉടലിന്
നിയന്ത്രിത ചലനത്തിന്റെ ,
കീഴടങ്ങലിന്റെ ശരീര ഭാഷ
കാറ്റേല്ക്കാത്ത്ത വെയിലേല്ക്കാത്ത
മേനികളില്
അത്തരില് കുഴയുന്ന വിയര്പ്പു ഗന്ധം
അളന്നു മുറിച്ച വാക്കുകളില്
കരിയുടെ,പുകയുടെ
എണ്ണയില് കരിഞ്ഞ മസ്സാലയുടെ
കടുകിട്ട വറവ് മണം.

Wednesday, November 3, 2010

നോക്കെത്തും ദൂരത്ത് കണ്ണും നട്ട്

നാലരയ്ക്കുള്ള ശ്രീ അയ്യപ്പന് ബസ് ഇന്നും
ലേറ്റ് ആണെന്ന് തോന്നുന്നു.നാല് മണിയ്ക്കെത്ത്തിയത്
ആണു സ്റ്റോപ്പില് .നിന്ന് നിന്ന് കാലു കഴച്ചപ്പോള്
ആ മടുപ്പില് നിന്നും ശ്രദ്ധ തിരിക്കാനായി
അവള് 'വായനോട്ടം'ആരംഭിച്ചു.പത്താം ക്ലാസ്
മുതല് അഭ്യസിക്കാനാരംഭിച്ച്ച്ച കലയില്
ഒരു ഇരുപത്തിരണ്ടാം വയസ്സില്
എത്തിയപ്പോഴേക്ക് 'ഉസ്താദ് 'എന്ന്
വിളിക്കാവുന്ന പ്രാവീണ്യം നേടിയിരുന്നു .

പിന്നെ വായനോട്ടം എന്ന് പറയുമ്പോ
യൌവനയുക്ത്തരും ചോരത്തിളപ്പുള്ള
വരുമായ സുന്ദരന്മാരെ മാത്രമേ നോക്കൂ
എന്ന് കരുതരുതേ!നന്നായി അണിഞ്ഞു ,
ഒരുങ്ങിയ സ്ത്രീജനങ്ങളെയും നോക്കും .
പക്ഷെ വൃദ്ധകളെ അവള് ഒരിക്കലും
നോക്കിയിരുന്നില്ല.അവരെ കാണുമ്പോള്
അവള്ക്ക് രണ്ടാം ക്ലാസില് കണക്കു
പഠിപ്പിച്ച അന്നമ്മ ടീച്ചറുടെ കാര്ക്കശ്യം
നിറഞ്ഞ മുഖമാണ് ഓര്മ്മ വരിക.

ഇന്നത്തെ ആദ്യത്തെ ഇര, ബൈക്കില്
ചാരിനില്ക്കുന്ന ചുവപ്പില് കറുത്ത
കള്ളികളുള്ള ഷര്ട്ടിട്ട,ആറടി എങ്കിലും
പൊക്കമുള്ള വെളുത്ത് സുമുഖനായ
ചെറുപ്പക്കാരനാണ്.അയാള് മൊബൈല്
ഫോണില് ഉറക്കെ,ഉറക്കെ സംസാരിച്ചു
കൊണ്ടിരിക്കുന്നുണ്ട് .സംസാരത്തിന്റെ
ആവേശം മൂത്ത് അയാള് കണ്പീലികള്
തെരുതെരെ അടയ്ക്കുകയും താടിയെല്ല്
വശങ്ങളിലേക്ക് കോട്ടുകയും ചെയ്യുന്നുണ്ട് .
അയാളുടെ മീശയ്ക്കു കുറച്ചു കൂടി
കട്ടി കൂടി നീളം കുറഞ്ഞെങ്കില് കൂടുതല്
ഭംഗിയുണ്ടായിരുന്നേനെ എന്ന് തോന്നി .
ഇതിപ്പോ മോഹന് ലാലിന്റെ മീശയുടെ
കണക്കു പട്ട ചാഞ്ഞു കിടക്കുന്നത് പോലെ
തൂങ്ങികിടക്കുകയാണ് .അവള് അയാളുടെ
മുഖം ഒറ്റ ക്ലിക്കിന് കട്ട് ചെയ്തു ക്രോപ്
ചെയ്തു ശരിയാക്കി നോക്കി ,ആഹാ!
ഇപ്പൊ എന്ത് ഭംഗി !അവള് ഒന്ന്
മന്ദഹസിച്ചു.കൃത്യം ആ നിമിഷത്തില്
തന്നെ അയാള് തന്റെ സംഭാഷണം
അവസാനിപ്പിച്ച് മുഖമുയര്ത്തിയതും
കണ്ണുകള് ഇടഞ്ഞു.ആ മുഖത്തും
ഒരു മറുപടി പുഞ്ചിരിയുതിരുന്നത്
കണ്ട അവള് വേഗം മുഖം തിരിച്ചു.

'വായനോട്ടം 'എന്ന കലയിലെ ഏറ്റവും
പ്രധാനപ്പെട്ട നിയമങ്ങളില് ഒന്നാണ്
ഇരയുമായി മിഴികളുടക്കരുത്
എന്നത്.നമ്മള് അവരെ വീക്ഷിക്കുന്നത്
ഒരിക്കലും എതിര്പാര്ട്ടി അറിയരുത്
എന്നാണു ഈ കലയില് അവളുടെ
ഗുരുവും തല തൊട്ടമ്മയുമായ 10B യിലെ
സുമ .സി .പറഞ്ഞിരിക്കുന്നത് .അതില്
വീഴ്ച പറ്റിയാല് ഉണ്ടായേക്കാവുന്ന
ഗുരുതരമായ പ്രത്യാഘാതങ്ങളായ
ഒലിപ്പീര്,നമ്പര് ചോദിക്കല് ,കറക്കം ,
പീഡനം,ആത്മഹത്യ തുടങ്ങിയവക്കൊന്നും
അവള് ഉത്തരവാദിയല്ല എന്ന് രേഖാമൂലം
റഫ്ബുക്കിന്റെ പിന്നിലെ പേജില് ,
ടൈം ടേബിള് എഴുതിയതിനു താഴെ
ഒപ്പിട്ടു വാങ്ങിയിട്ടുണ്ട് .

കാറ്റത്താടുന്ന മഞ്ഞ ഷിഫോണ് സാരിയുടെ
അറ്റമാണ് കണ്ണിലുടക്കിയത്.അതിനുള്ളിലേക്ക്
ഇത്ര മനോഹരമായി കയറിയിരിക്കുന്ന
സുന്ദരിയുടെ തുടുത്ത മുഖം അവളുടെ
ശ്രദ്ധ പിടിച്ചുപറ്റി.വെളുത്ത് ,ഒട്ടൊന്നു
തടിച്ചു ,വട്ടമുഖത്ത് കാറ്റിലാടുന്ന കുറു
നിരകള് മാടിയൊതുക്കി ,നീല പുള്ളിക്കുടയും
വാനിറ്റിബാഗും,മടമ്പുയര്ന്ന കറുത്ത ചെരിപ്പും
അണിഞുള്ള നീല്പു ,മുട്ടത്ത് വര്ക്കി കഥകളിലെ
ഹൈരെന്ജ് സുന്ദരിമാരെ ഓര്മ്മിപ്പിച്ചു .
ഇനി സാരി വാങ്ങുമ്പോള് ഇത് പോലുള്ള
മഞ്ഞസാരി വാങ്ങണം എന്ന് മനസ്സില് ഉറപ്പിച്ചു .
പെട്ടന്ന് ഒരു ബൈക്ക് മുന്നില് വന്നു നില്ക്കുകയും
സുന്ദരി ആ ബൈക്കിലിരുന്ന വിരൂപനായ
മധ്യവയസ്കനെ ചുറ്റിയിരുന്നു പോവുകയും
ചെയ്തു.അവളില് ആ കാഴ്ച തെല്ലു ഇച്ചാഭംഗ
മുണ്ടാക്കാതിരുന്നില്ല .

റോഡിനപ്പുരത്ത് നെഹ്റു പാര്ക്കിലെ
ക്രോട്ടന് ചെടികള് ശ്രദ്ധയും പരിഗണനയും
കിട്ടാത്ത വീട്ടമ്മമാരെപ്പോലെ മുരടിച്ചു
കാഴ്ചക്കാരില് മടുപ്പ് ഉണര്ത്തിക്കൊണ്ട്
നില്ക്കുന്നുണ്ടായിരുന്നു .നോട്ടം തെന്നി
തെന്നി തെന്നി തെന്നി പാര്ക്കിന്റെ തുരുമ്പ്
പിടിച്ച പടിയുടെ വലതു വശത്ത് പഴയ
പുസ്തകങ്ങള് വില്ക്കുന്ന പതിനെട്ടു
കാരനിലെത്തി.(ഇതാണ് ഞാന് ആദ്യമേ
പറഞ്ഞത് ,ഞങ്ങള് വായനോട്ടക്കാര്ക്ക്
പക്ഷഭേതമില്ലെന്ന്) മെലിഞ്ഞു ഇരുനിറത്തില്
പിഞ്ഞിപ്പഴകിയ ടി ഷര്ട്ടും പാന്റും ആണു
വേഷം .എന്നാലും പുസ്തകങ്ങളെ പറ്റി
വിശദീകരിച്ചു കൊടുക്കുന്ന അവന്റെ
വിയര്പ്പുപൊടിഞ്ഞ മുഖത്ത് ചെയ്യുന്ന
ജോലിയിലുള്ള ആത്മാര്തതയുടെയും
ജീവിതത്വരയുടെയും പ്രകാശമുണ്ടായിരുന്നു.
അവളുടെ മനസ്സില് അവനോടു എന്തിനെന്നില്ലാത്ത
ഒരിഷ്ടം നിറഞ്ഞു .

'ചേച്ചി ,ഇങ്ങനെ വായനോക്കി നിന്നാല്
മതിയോ ?ബസ് വന്നു ,പോകണ്ടേ ?"
ബസ്സില് അവള്ക്കു കൂട്ടായ പത്ത്
വയസ്സുകാരി കൈയില് പിടിച്ചു .
കയ്യോടെ പിടികൂടപ്പെട്ടത്തിന്റെ
ജാള്യതയോടെ അവള് ബസ്സില്
കയറാനുള്ള യുദ്ധം തുടങ്ങി .
ജാലകം